2010, ജൂലൈ 27, ചൊവ്വാഴ്ച

വിശുദ്ധ നാസറുദ്ദീന്‍ എളമരം ശ്ലീഹായ:

അഖില ലോക ക്രിസ്ത്യാനികളെ, ഹിന്ദുക്കളെ മറ്റു ബുദ്ധ-ജൈന മത വിശ്വാസികളെ, കേള്‍പ്പിന്‍! അവസാനം നീണ്ട കാത്തിരിപ്പിനു ശേഷം ഞങ്ങള്‍ മുസ്ലിംകള്‍ക്കും ഒരു രക്ഷാ പുരുഷന്‍ പിറന്നിരിക്കുകയാണ്. കുറെ ആയി ഞങ്ങള്‍ ഇതും പ്രതീക്ഷിച്ചിരിക്കുന്നു. നിങ്ങള്‍ക്കൊക്കെ ഇടകിടക്ക് ഇങ്ങനെ പുണ്യാളന്മാരും അവതാരങ്ങളും ഒക്കെ ആകാമല്ലോ? അപ്പോഴൊക്കെ ഞങ്ങള്‍ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു കാത്തിരിക്കുകയായിരുന്നു. നീണ്ട കാത്തിരിപ്പിനു ശേഷം ആ മഹാന്‍ ആഗാതനായിരിക്കുകയാണ്. ഇനി ഞങ്ങള്‍ക്ക് സ്വസ്ഥമായി സമാധാനമായി കിടന്നുറങ്ങാം. കുറെ ആയി ഞങ്ങള്‍ ഈ ആധിയുമായി നടക്കാന്‍ തുടങ്ങിയിട്ട്. ഇനി ആരും ഞങ്ങളെ മെക്കിട്ടു കേറാന്‍ നോക്കണ്ട. എല്ലാത്തിനും ഒരു രക്ഷകന്‍ വന്നിരിക്കുന്നു, കൂടെ കുറെ(?) അനുയായികളും.
ആള്‍ ജനിച്ചിട്ട്‌ കുറെ ആയെങ്കിലും ഈയിടെയാണ് ദിവ്യശക്തി കിട്ടിയത്. പ്രഖ്യാപനം ഇക്കഴിഞ്ഞ ദിവസം ആയിരുന്നു. മറ്റു ചരിത്ര പുരുഷന്മാരും, പുരുഷിമാരും (ഫെമിനിസ്ടുകളെ പേടിച്ചിട്ടു) ഒക്കെ വെളിപാടുണ്ടയാല്‍ വല്ല മലക്ക് മുകളിലോ അല്ലെങ്കില്‍ ജനക്കൂട്ടതിലോ വന്നു പ്രഖ്യാപിക്കുകയാണ് പതിവ്. അല്ലെങ്കിലും അന്നൊന്നും മൊബൈലും, ഇന്‍റര്‍നെറ്റും, വീഡിയോ കോണ്‍ഫറന്‍സു, ചാറ്റിങ്ങും ഒന്നും ഇല്ലല്ലോ. പക്ഷെ ഇന്ന് സ്ഥിതി അതലല്ലോ. അത് കൊണ്ട് ഇദ്ദേഹം ഒരു പ്രസ്സ്‌ കോണ്‍ഫറന്‍സ് തന്നെ അങ്ങ് വിളിച്ചു. എന്നിട്ടൊരു പ്രക്യാപനവും" ലോക മുസ്ലിം സമുധായത്തിന്‍റെ ഉന്നമനത്തിനു വേണ്ടി ശ്രമിച്ചതിനാണ് താനും തന്‍റെ അനുയായികളും കുരിശിലേറികൊണ്ടിരിക്കുന്നത്"!!.
ഇത് തികച്ചും സത്യമാണ്. ഇത് തുടക്കത്തില്‍ എല്ലാ പ്രവാചകന്മാര്‍ക്കും വിപ്ലവകാരികള്‍ക്കും സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്കും ഉണ്ടായിട്ടുള്ള അനുഭവമാണ്‌. ആദ്യമൊക്കെ അവരുടെ ആശയങ്ങളും പ്രവര്‍ത്തികളും ജനം തള്ളി കളയും. കല്ലെറിയും, പള്ളു പറയും, ആട്ടി ഓടിക്കും. ഇന്നാണെങ്കില്‍ കള്ള കേസില്‍ കുടുക്കും, റെയ്ഡു ചെയ്യും, അറസ്റ്റ് ചെയ്യും, റിമാണ്ടിലാക്കും. എന്തൊക്കെ ക്രൂരതകള്‍?. ഇത്രയൊക്കെ ചരിത്രം കേട്ടിട്ടും പുരാണം വായിച്ചിട്ടും നമ്മളൊക്കെ എന്തേ ഇനിയും നന്നാവാത്തത്? എന്നാല്‍ കുറച്ചു ഭാഗ്യവാന്‍മാര്‍ക്കെ ഈ സത്യം തുടക്കത്തിലേ മനസിലാക്കാനും അംഗീകരിക്കാനും പറ്റൂ. അവര്‍ തികച്ചും പുണ്യം ചെയ്തവര്‍!
മുമ്പും ഇതേ പോലെ ചില നേതാക്കള്‍ ഇതേ ആശയവുമായി വന്നെങ്കിലും അകാലത്തില്‍ കാരാഗ്രഹ വാസം പുല്കേണ്ടി വന്നു. ശേഷവും ഒന്ന് ഉയര്‍ത്തെഴുന്നെല്‍ക്കാന്‍ ശ്രമിച്ചെങ്കിലും മുന്‍ അനുഭവം തന്നെ വിധി. അല്ലെങ്കിലും അവര്‍ക്കൊക്കെ വായാടിത്തം അല്ലാതെ പ്രവര്‍ത്തന ശേഷി ഇല്ലായിരുന്നല്ലോ?. എന്നാല്‍ അതാണോ നമ്മുടെ വി: നാസറുദ്ദീന്‍ എളമരത്തിന്‍റെയും അദ്ദേഹം നേതൃതം കൊടുക്കുന്ന പോപ്പുലര്‍ ഫ്രെണ്ടിന്‍റെയും കാര്യം. അവരല്ലേ ശരിക്കും പുലികള്‍ (തമിഴ് പുലികള്‍ വരെ ഇവിടെ വെറും പുലികളാ).
ഇവരുടെ പ്രവര്‍ത്തന മാര്‍ഗവും മണ്ഡലവും മുന്‍ മഹാന്മാരെക്കള്‍ തികച്ചും വ്യത്യസ്തവും ആധുനികവുമാണ്. മുന്‍പ് വേദങ്ങളും തത്വസംഹിതകളും ആയിരുന്നു ആധാരമെങ്കില്‍ ഇന്ന് സിഡികളാണ് പ്രധാനം. കൂടാതെ ഇമെയില്‍, ബ്ലോഗ്‌, വെബ്സൈറ്റ് മുതലായവയാണ് പ്രച്ചരനോപധികള്‍. ഇതിനൊക്കെ പുറമേ രാഷ്ട്രീയ പാര്‍ടികളെ പോലും വെല്ലും വിധം വാര്‍ഡ്, മണ്ഡലം, ജില്ല, സംസ്ഥാന, ദേശീയ, അന്തര്‍ ദേശീയ കമ്മിറ്റികള്‍ വരെ രൂപീകരിച്ചാണ് ഉദ്യമം. മുമ്പ് ആശയങ്ങള്‍ ആയിരുന്നു പ്രച്ചരനായുധങ്ങള്‍ എങ്കില്‍ ഇപ്പോള്‍ കുറുവടി, കത്തി, വടി വാള്‍, ബോംബ്‌ തുടങ്ങിയവയാണ് മുഖ്യം.
ഇനി കര്‍മപഥത്തില്‍ ചെയ്ത കാര്യങ്ങളോ അതിനെക്കാള്‍ മഹത്തരം. ചുരുങ്ങിയ കാലം കൊണ്ട് നിരവധി കൊലപാതകങ്ങള്‍, വെട്ടു, കുത്ത്, കൊള്ളി വെപ്പ്, ബോംബേറ് തുടങ്ങി നിരവധി കലാപരിപാടികള്‍. പോരാത്തതിനു പരേഡ്, ട്രെയിനിംഗ് മുതല്‍ റിക്രൂട്ട്മെന്‍റ് വരെ. ഇത്രയൊക്കെ ചെയ്ത ഏതു മഹാന്മാര്‍ ഉണ്ട് ചരിത്രത്തില്‍. അതും പൂര്‍ണമായും തന്‍റെ സമുധായത്തിനു വേണ്ടി മാത്രം. എന്നിട്ടോ അവസാനം പഴി മുഴുവന്‍ സ്വസമുധയത്തില്‍ നിന്ന് തന്നെ. നോക്കണേ വിധിയുടെ ഓരോ വൈരുധ്യങ്ങള്‍. ഇതിനൊക്കെ മുമ്പ് ആരാണ്ടൊക്കെ പറഞ്ഞതെ എനിക്കും പറയാനുള്ളൂ. "ഇവര്‍ ഓടു പെരുക്കേണമേ..."
അവസാനമായി, മുസ്ലീംകള്‍ക്ക് വേണ്ടി ഒരുപാട് യാതനകളും വേദനകളും സഹിച്ചു ഇത്രയൊക്കെ ഉണ്ടാകി തന്നതിന് നന്ദി ഉണ്ട് ഗുരോ ..ഈ സുന്ദര കേരളത്തില്‍ യാതൊരു അല്ലലും അലട്ടലും ഇല്ലാതെ സമാധാനത്തോടെ ജീവിച്ചു പോന്ന മുസ്ലിങ്ങളെ ഏകദേശം പലസ്തിനികളെ പോലെ ആക്കി തന്നതിനും മാധ്യമങ്ങള്‍ക്ക് യഥേഷ്ടം സമുദായത്തിന്‍റെ പേര് തട്ടികളിക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്തതിനും ഒരുപാട് ഒരുപാടു നന്ദിയുണ്ട്. ഇനി പറ്റുമെങ്കില്‍ ബാക്കിയുള്ള എല്ലാ സമുധായങ്ങളെയും കിള്ളി കിള്ളി പ്രകോപിപിച്ചു ഒരു ഗുജറാത്ത്‌ മോഡല്‍ ആകി തന്നാല്‍ പൂര്‍ത്തിയായി. എന്നും സ്മരണയുണ്ടാവും!
അടികുറിപ്പ്: ഈ പ്രശംസാഖണ്ഡം ആര്‍ക്കെങ്കിലും ഗുരു നിന്ദയായി തോന്നുകയാണെങ്കില്‍, തികച്ചും യാദൃസ്ചികമാണു. സത്യമായിട്ടും ഞാന്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടേ ഇല്ല. ഇനി ഇതിന്‍റെ പേരില്‍ എന്‍റെ കയ്യോ കാലോ വെട്ടരുത്. നിങ്ങളെന്തെങ്കിലും അവിവേകം കാണിച്ചാല്‍ എന്‍റെ കുടുംബം പട്ടിണിയാകും. ദയവു ചെയ്തു എന്‍റെ കുടുംബത്തിന്‍റെ ബിരിയാണി മുട്ടിക്കരുത്.പ്ലീസ്!!

2010, ജൂലൈ 5, തിങ്കളാഴ്‌ച

കൊടുത്താല്‍ എല്ലിസ് പാര്‍ക്കില്‍ തന്നെ കിട്ടും!

സത്യത്തില്‍ ഇത് എന്‍റെ അരങ്ങേറ്റം ആണ്. ബ്ലോഗ്‌ അരങ്ങേറ്റം! എന്‍റെ ആദ്യ ബ്ലോഗ്‌ കുറഞ്ഞത്‌ ചെച്നിയന്‍ ആഭ്യന്തര കലാപത്തെ കുറിച്ചെങ്കിലും ആയിരിക്കണം എന്നായിരുന്നു എന്‍റെ അത്യാഗ്രഹം (അതിയായ+ആഗ്രഹം=അത്യാഗ്രഹം), അല്ലെങ്ങില്‍ തുര്‍കുമെനിസ്തനിലെ മനുഷ്യാവകാശ ധംസനത്തെ കുറിച്ചെങ്കിലും ആയിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. പക്ഷെ ഇന്നിവിടെ എന്‍റെ മൌനം ധംസിക്കാനുള്ള സംഭവങ്ങള്‍ അരങ്ങേറിയിരിക്കുകയാണ്‌. ഇനിയും മൌനം തുടര്‍ന്നാല്‍ അത് ഞാന്‍ എന്‍റെ മനസാക്ഷിയോടും ലോക ജനതയോടും ചെയ്യുന്ന കടുത്ത അപരാധം ആയിരിക്കും. ആയതിനാല്‍ എല്ലാ ബ്ലോഗ്‌-പരമ്പര ദൈവങ്ങളെയും നമിച്ചു കൊണ്ട് ഞാന്‍ എന്‍റെ ആദ്യ പാതകം ചെയ്യുകയാണ്. ഇതില്‍ വല്ല ഗമണ്ടതരങ്ങളും ഉണ്ടെങ്കില്‍ അങ്ങ് സഹിചേക്കാന്‍ വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു (ഇല്ലെങ്കിലും എനിക്ക് ഒരു പുല്ലും ഇല്ല ).


എന്നെ ഈ ഉദ്യമത്തിന് പ്രകോപിപ്പിച്ചത് മറ്റൊന്നുമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ വേള്‍ഡ് കപ്പ്‌ ഫുട്ബോള്‍ മത്സരങ്ങള്‍ തന്നെ. ഇത് വായിക്കുന്ന ആര്‍ക്കും ഞാന്‍ ഒരു ബ്രസീല്‍ ഫാന്‍ ആണെന്ന് തോന്നുമെങ്കിലും,സത്യത്തില്‍ ഞാന്‍ തികച്ചും നിക്ഷ്പക്ഷന്നാണ്. പിന്നെ, എനിക്ക് അല്‍പ്പമെങ്കിലും മമത ഉണ്ടായിരുന്നത് നവാഗതരായ ഹോണ്ടുരസിനോട് ആയിരുന്നു. ഞാന്‍ പണ്ടേ ഒരു മനുഷ്യ സ്നേഹിയും പാര്‍ശ്വവല്‍ക്കരിക്കപെട്ടവരോട് എനിക്ക് വലിയ അനുകമ്പയും ആണെന്ന് എന്നെ അറിയാവുന്ന എല്ലാവര്ക്കും അറിയാമല്ലോ (എന്നെ എനിക്ക് തന്നെ അറിയില്ല, പിന്നല്ലേ? ). അമ്മച്ചിയാണേ (എന്‍റെയല്ല) സത്യം !! ഹോണ്ടുറാസ് പുറത്തായതില്‍ പിന്നെ ഞാന്‍ ശരിക്കും നിക്ഷ്പക്ഷന്നാണ്.


എന്തായാലും നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഫുട്ബോള്‍ അല്ലെ; കളി അല്ലെ; അതിനെ അതിന്റെ വഴിക്ക് വിടണം എന്നൊക്കെ ആണല്ലോ നമ്മുടെ നാട്ടു നടപ്പ്. കൂടാതെ ഫുട്ബോളിനെ ഫുട്ബോള്‍ ആയി കാണണം(അല്ല പിന്നെ അതിനെ വോളി ബോള്‍ ആയി കാണാന്‍ പറ്റുമോ?) എന്ന് മഹാകവി ഇടശ്ശേരി പെലെ ഗുരുക്കളും (ഒരു ലുക്കിനും പിന്നെ ഞാനൊരു മതേതരത വാദി ആണെന്ന് മാലോകര്‍ക്ക് അറിയാമല്ലോ? ) പറഞ്ഞിട്ടുണ്ട്. അതായതു ഗ്രൗണ്ടിലെ ജയ- പരാജയം ഗ്രൗണ്ടില്‍ തീരണം, അല്ലാതെ കുടുംബത്തില്‍ കേറ്റരുത്‌ എന്ന് വിവക്ഷ. എന്നാല്‍ ഈ ആഗോള തത്വം ചവിട്ടി കൂട്ടി മൂലയില്‍ ഇട്ടു ഒരു ചെറിയ പരാജയത്തിന്റെ പേരില്‍ സുന്ദരന്മാരും സുമുഖരും സുശീലരും(റോബിഞ്ഞോ, ബാസ്റോസ്, മൈക്കോന്‍ ഒയികെ ) ആയ ബ്രസീലിനെ കരി ഓയില്‍ ഒയിച്ചു , ഏതാണ്ട് ഒരു പെലെ രൂപത്തില്‍ ആക്കിയത് തികച്ചും ആബാസത്തരമായി പോയി. ഹോ! ഇത് പോലെ ഒരു ശത്രുവിനോടും ചെയ്യരുത്.


എന്നാല്‍ കൊടുത്താല്‍ എല്ലിസ് പാര്‍ക്കില്‍ തന്നെ കിട്ടും എന്ന ചൊല്ല് വെച്ച് , കൊടുത്തതിന്റെ പലിശയും പലിശയുടെ പലിശയും അതിന്റെ കൂട്ട് പലിശയും (കോമ്പൌണ്ട് തിയറി പ്രകാരം) കണക്കിന് കിട്ടി. കളിയുടെ മുന്‍പ് എന്തെല്ലാം ആയിരുന്നു, മെസ്സിയുടെ ഡ്രിബ്ലിങ്ങും , വെരോനിന്‍റെ ഷാര്‍പ് സപ്ലൈ , ട്ടെവേസിന്‍റെ ക്രോസ് അവസാനം ഹെയ്ന്സിന്‍റെ ഫിനിഷിങ്ങും. ഇതെല്ലാം കേട്ടിട്ട് മറ്റു ടീമുകളൊക്കെ വേള്‍ഡ് കപ്പ്‌ കളിക്കണോ എന്ന് വരെ പലര്‍ക്കും സംശയം തോന്നിയിരുന്നു. ഇത്ര അഹങ്കാരം പാടില്ല. ഇപ്പോള്‍ എന്തായി, മുയിമോനും മീന്‍ കൊത്തി പോയില്ലേ?? അതും ഏതു ജാതി കൊത്തല്‍, ഏതാണ്ട് പിരാന കൊത്തിയ പോലെ ആയില്ലേ??. എല്ല് പോലും ബാക്കി വെച്ചില്ല. ആയതിനാല്‍, ഇനി മേലില്‍ മെസ്സി, കിസ്സി, മറഡോണ മുതലായ ഉമ്മാക്കി (ടിവി രാജേഷിന്റെ വാക്കുകള്‍ തല്‍കാലം കടമെടുത്തു കുറിക്കുകയാണ്, കോടതീയലക്ഷ്യ ക്കേസ്സ് കൊടുക്കരുത്) കാണിച്ചു പേടിപ്പിക്കരുത്. ഇവിടെ നാലും അഞ്ചും പ്രാവിശ്യം കപ്പടിച്ച ടീമൊക്കെ ( ഹേയ്, ബ്രസീല്‍ ആയിരിക്കില്ല!) ഉണ്ട്, അവര്‍ക്കൊന്നും ഇല്ലാത്ത ഒരു മെന കൈ കൊണ്ട് ഫുട്ബോള്‍ കളിച്ചു കപ്പടിച്ച ആര്‍ക്കും വേണ്ട. അതിവിടെ അനുവദിക്കില്ല!!


എന്തായാലും ഇത്രയൊക്കെ കുത്തിയ നിലക്ക്, ഇനിയും ഞാന്‍ ശവത്തില്‍ കുത്തുന്നില്ല.എന്‍റെ ഈ ചെറിയ കുറിപ്പില്‍ ഏതെങ്കിലും ആരാധകര്‍ക്ക് മാനസികമായോ ശാരീരികമായോ തളര്‍ച്ച സംബവിചിട്ടുന്ടെങ്കില്‍ അത് തികച്ചും മനപ്പൂര്‍വമാണ്‌. ഇനിയും ആര്‍ക്കെങ്കിലും കലിപ്പ് തോന്നുനെങ്കില്‍ ഇത് പോലെ വല്ല ജല്‍പ്പനങ്ങളും എഴുതി ആ തരിപ്പ് തീര്‍ക്കെണ്ടാതാണ്. അത് എന്‍റെ ശരീരത്തിലോ മറ്റു ആരാധകരുടെ ശരീരത്തിലോ തീര്‍ക്കരുത്‌. ദയവു ചെയ്തു ഇനി ഒരു നാല് കൊല്ലം കൂടി കാത്തിരിക്കുക. നമ്മള്‍ പഞ്ചായത്ത് ഇലക്ഷനില്‍ തോറ്റാല്‍ പറയുന്ന പോലെ, അടുത്ത പ്രാവിശ്യം കാണിച്ചു തരാം!.


അവസാനമായി ഞാന്‍ ഈ ബ്ലോഗ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച എന്നോട് തന്നെ അതിയായ നന്ദി അറിയിക്കുകയാണ്! അതിലേറെ, ഈ കുറിപ്പ് എഴുതാന്‍ അവസരം ഒരുക്കി തന്ന ജെര്‍മനിയുടെ ക്ലോസെ , പെടോല്സ്കി, മുള്ലെര്‍, ഫെടെരിച് എന്നിവര്‍ക്കും ജെര്‍മനി ടീമിന് മൊത്തത്തിലും ഞാന്‍ ഈ കുറിപ്പ് സമര്‍പ്പിക്കുകയാണ്.


ഇതിനെ കുറിച്ച് ഉള്ള എല്ലാ ആക്ഷേപങ്ങളും, മുട്ടന്‍ തെറികളും കമെന്‍സ് ആയി കുരിക്കാവുന്നതാണ്....